1 ശമൂവേൽ 18 : 1 (MOV)
അവൻ ശൌലിനോടു സംസാരിച്ചു തീർന്നപ്പോൾ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.
1 ശമൂവേൽ 18 : 2 (MOV)
ശൌൽ അന്നു അവനെ ചേർത്തു കൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല.
1 ശമൂവേൽ 18 : 3 (MOV)
യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ടു അവനുമായി സഖ്യതചെയ്തു.
1 ശമൂവേൽ 18 : 4 (MOV)
യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന്നു കൊടുത്തു.
1 ശമൂവേൽ 18 : 5 (MOV)
ശൌൽ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ടു ശൌൽ അവനെ പടജ്ജനത്തിന്നു മേധാവി ആക്കി; ഇതു സർവ്വജനത്തിന്നും ശൌലിന്റെ ഭൃത്യന്മാർക്കും ബോധിച്ചു.
1 ശമൂവേൽ 18 : 6 (MOV)
ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തംചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൌൽരാജാവിനെ എതിരേറ്റുചെന്നു.
1 ശമൂവേൽ 18 : 7 (MOV)
സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.
1 ശമൂവേൽ 18 : 8 (MOV)
അപ്പോൾ ശൌൽ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായി: അവർ ദാവീദിന്നു പതിനായിരം കൊടുത്തു എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാൻ എന്തുള്ളു എന്നു അവൻ പറഞ്ഞു.
1 ശമൂവേൽ 18 : 9 (MOV)
അന്നുമുതൽ ശൌലിന്നു ദാവീദിനോടു കണ്ണുകടി തുടങ്ങി.
1 ശമൂവേൽ 18 : 10 (MOV)
പിറ്റെന്നാൾ ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവു ശൌലിന്മേൽ വന്നു; അവൻ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൌലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു.
1 ശമൂവേൽ 18 : 11 (MOV)
ദാവീദിനെ ചുവരോടുചേർത്തു കുത്തുവാൻ വിചാരിച്ചുകൊണ്ടു ശൌൽ കുന്തം ചാടി; എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു.
1 ശമൂവേൽ 18 : 12 (MOV)
യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൌലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ടു ശൌൽ ദാവീദിനെ ഭയപ്പെട്ടു.
1 ശമൂവേൽ 18 : 13 (MOV)
അതുകൊണ്ടു ശൌൽ അവനെ തന്റെ അടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവൻ ജനത്തിന്നു നായകനായി പെരുമാറിപ്പോന്നു.
1 ശമൂവേൽ 18 : 14 (MOV)
ദാവീദ് തന്റെ എല്ലാവഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
1 ശമൂവേൽ 18 : 15 (MOV)
അവൻ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൌൽ കണ്ടിട്ടു അവങ്കൽ ആശങ്കിതനായ്തീർന്നു.
1 ശമൂവേൽ 18 : 16 (MOV)
എന്നാൽ ദാവീദ് യിസ്രായേലിന്നും യെഹൂദെക്കും നായകനായി പെരുമാറിയതുകൊണ്ടു അവരൊക്കെയും അവനെ സ്നേഹിച്ചു.
1 ശമൂവേൽ 18 : 17 (MOV)
അനന്തരം ശൌൽ ദാവീദിനോടു: എന്റെ മൂത്ത മകൾ മേരബുണ്ടല്ലോ; ഞാൻ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴുവാൻ സംഗതിവരട്ടെ എന്നു ശൌൽ വിചാരിച്ചു.
1 ശമൂവേൽ 18 : 18 (MOV)
ദാവീദ്, ശൌലിനോടു: രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആർ? യിസ്രായേലിൽ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു.
1 ശമൂവേൽ 18 : 19 (MOV)
ശൌലിന്റെ മകളായ മേരബിനെ ദാവീദിന്നു കൊടുക്കേണ്ടിയിരുന്ന സമയത്തു അവളെ മെഹോലാത്യനായ അദ്രിയേലിന്നു ഭാര്യയായി കൊടുത്തു.
1 ശമൂവേൽ 18 : 20 (MOV)
ശൌലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൌലിന്നു അറിവു കിട്ടി; കാര്യം അവന്നു ഇഷ്ടമായി.
1 ശമൂവേൽ 18 : 21 (MOV)
അവൾ അവന്നു ഒരു കണിയായിരിക്കേണ്ടതിന്നും ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴേണ്ടതിന്നും ഞാൻ അവളെ അവന്നു കൊടുക്കും എന്നു ശൌൽ വിചാരിച്ചു ദാവീദിനോടു: നീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.
1 ശമൂവേൽ 18 : 22 (MOV)
പിന്നെ ശൌൽ തന്റെ ഭൃത്യന്മാരോടു: നിങ്ങൾ സ്വകാര്യമായി ദാവീദിനോടു സംസാരിച്ചു: ഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാൽ നീ രാജാവിന്റെ മരുമകനായ്തീരേണം എന്നു പറവിൻ എന്നു കല്പിച്ചു.
1 ശമൂവേൽ 18 : 23 (MOV)
ശൌലിന്റെ ഭൃത്യന്മാർ ആ വാക്കു ദാവീദിനോടു പറഞ്ഞാറെ ദാവീദ്: രാജാവിന്റെ മരുമകനാകുന്നതു അല്പകാര്യമെന്നു നിങ്ങൾക്കു തോന്നുന്നുവോ? ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.
1 ശമൂവേൽ 18 : 24 (MOV)
ശൌലിന്റെ ദൃത്യന്മാർ: ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു.
1 ശമൂവേൽ 18 : 25 (MOV)
അതിന്നു ശൌൽ: രാജാവിന്റെ ശത്രുക്കൾക്കു പ്രതികാരം ആകുവാൻ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മമല്ലാതെ രാജാവു യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങൾ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാൽ ദാവീദിനെ വീഴുമാറാക്കേണമെന്നു ശൌൽ കരുതിയിരുന്നു.
1 ശമൂവേൽ 18 : 26 (MOV)
ഭൃത്യന്മാർ ദാവീദിനോടു ഈ വാക്കു അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുവാൻ ദാവീദിന്നു സന്തോഷമായി;
1 ശമൂവേൽ 18 : 27 (MOV)
അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരിൽ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചർമ്മംകൊണ്ടുവന്നു താൻ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണം കൊടുത്തു. ശൌൽ തന്റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു.
1 ശമൂവേൽ 18 : 28 (MOV)
യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും ശൌലിന്റെ മകളായ മീഖൾ അവനെ സ്നേഹിച്ചു എന്നും ശൌൽ കണ്ടറിഞ്ഞപ്പോൾ,
1 ശമൂവേൽ 18 : 29 (MOV)
ശൌൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൌൽ ദാവീദിന്റെ നിത്യശത്രുവായ്തീർന്നു.
1 ശമൂവേൽ 18 : 30 (MOV)
എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിന്നു പുറപ്പെട്ടു; അവർ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൌലിന്റെ സകലഭൃത്യന്മാരെക്കാളും കൃതാർത്ഥനായിരുന്നു; അവന്റെ പേർ വിശ്രുതമായ്തീർന്നു.
❮
❯